ഇലക്ട്രോണിക് സിറ്റി: ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇലക്ട്രോണിക് സിറ്റി പിഎഫ് ഓഫീസ് ജീവനക്കാരി മേധ അപകടത്തില്‍പ്പെടാന്‍ കാരണം മോശം റോഡാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മേധയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും റോഡുകള്‍ അടിയന്തരമായി നന്നാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി. ബുധനാഴ്ച രാവിലെ അനന്ത നഗറില്‍ ഉണ്ടായ ഈ അപകടത്തിന് പിന്നാലെയാണ് ഇലക്ട്രോണികി സിറ്റിയില്‍ പ്രതിഷേധം ശക്തമായത്. മുന്നിലുണ്ടായ കാര്‍ ബ്രേക്കിട്ടതോടെയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേധയ്ക്കും സുഹൃത്തിനും പെട്ടന്ന് ബൈക്ക് നിര്‍ത്തേണ്ടി വന്നത്.
റോഡ് തകര്‍ന്ന് കിടക്കുകയായിരുന്നതിനാല്‍, ബ്രേക്ക് ഇട്ടതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും മേധ റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ഗുഡ്‌സ് വാഹനം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മേധ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് നാട്ടുകാര്‍ സംഘടിച്ചത്. മേധയുടെ മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയും തകര്‍ന്ന റോഡുകളുമാണെന്നാണ് ആരോപണം. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.
പൊലീസെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. ഒരു ആഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലികമായി റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അനന്ത നഗറില്‍ ഓടകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുകയാണ്. ഈ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോഡുകള്‍ പൂര്‍ണ തോതില്‍ പുനര്‍നിര്‍മ്മിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

