ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല,കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്‌ഐടി പറഞ്ഞതും നടന്നില്ല. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്.ഐ.ടിയുടെ വിശദീകരണം.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയായിരുന്നു. ഹൈകോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില്‍ നടന്നത്. എന്നിട്ടും അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. കുറ്റപത്രം നല്‍കാതെ അറസ്റ്റിലായ പ്രതികള്‍ക്കെല്ലാം ജയിലില്‍ നിന്നിറങ്ങാന്‍ അവസരം ഒരുക്കിയത് മാത്രമല്ല എസ്.ഐ.ടിയുടെ പരാജയം.അഞ്ച് പേരേ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല. തിരഞ്ഞെടുപ്പ് കാലത്ത് ചോദ്യം ചെയ്യാന്‍ പോലും ആരെയും വിളിക്കാതെ അന്വേഷണം മരവിപ്പിച്ചു. ഇപ്പോഴും തൊണ്ടിമുതല്‍ എവിടെയെന്നോ, മോഷ്ടിച്ച സ്വര്‍ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല. ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലം വരട്ടേയെന്നാണ് വിശദീകരണം.അത് എന്ന് വരുമെന്ന് അറിയാത്തതിനാല്‍ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നതിലും വ്യക്തതയില്ല.
കുറ്റപത്രം നല്‍കണമെങ്കില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം.അതിനുള്ള അപേക്ഷ പോലും തയാറാക്കിയിട്ടില്ല.അപേക്ഷ നല്‍കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ല. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി. സംഘത്തിലുണ്ടായിരുന്ന എസ്.പി പി.ബിജോയ് കഴിഞ്ഞമാസം വിരമിച്ചിട്ട് പകരം ആളെ ഇത് വരെ നിയമിച്ചിട്ടില്ല. ഇങ്ങിനെ ചുരുക്കത്തില്‍ ഒരുമാസത്തിലേറെയായി അനക്കമൊന്നുമില്ലാത്ത അവസ്ഥയിലാണ് ശബരിമല സ്വര്‍ണക്കൊള്ള കേസ്.

