Trending

മണ്ണിന്റെ മണവും കാളകളോടുള്ള സ്നേഹവും; മൂന്ന് പതിറ്റാണ്ടിന്റെ കാളക്കമ്പവുമായി പട്ടോത്ത് സഹോദരങ്ങൾ

ആനന്ദനുംജേഷ്ഠൻ സുരേന്ദ്രനും കാളപൂട്ടുന്നത് ഒരു മത്സരത്തിനുവേണ്ടി മാത്രമല്ല, കാർഷിക പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കൂടി; കാളകളെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച് പട്ടോത്ത് ബ്രദേഴ്സ്

കുന്ദമംഗലം: ചെളിമണ്ണിൽ കാളകൾ കുതിച്ചുപായുമ്പോൾ പട്ടോത്ത് ആനന്ദന്റെയും സഹോദരൻ സുരേന്ദ്രന്റെയും മനസ്സിൽ നിറയുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് കേവലം ഒരു മത്സരത്തിന്റെ ആവേശമല്ല. തലമുറകളിലൂടെ കൈമാറിവന്ന കാർഷിക സംസ്കാരത്തോടും മിണ്ടാപ്രാണികളോടുമുള്ള ആത്മബന്ധത്തിന്റെ അടയാളം കൂടിയാണ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പട്ടോത്ത് കുടുംബത്തിന് കാളക്കമ്പം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാരമ്പര്യമാണത്. പിതാവ് മാങ്കുനി പട്ടോത്ത് മാനുവിന്റെ കാലംമുതലേ കൃഷിയും കാളകളെ വളർത്തലും മറ്റ് കച്ചവടങ്ങളുമായിരുന്നു കുടുംബത്തിന്റെ ജീവിതമാർഗം. 11 മക്കളടങ്ങിയ വലിയ കുടുംബത്തിൽ ഏഴ് ആൺമക്കളും നാല് പെൺമക്കളുമുണ്ടായിരുന്നു. വയലും പറമ്പും കൃഷിയിടങ്ങളുമെല്ലാം ഇന്നും കുടുംബം നിലനിർത്തിപ്പോരുന്നു.

ചെറുപ്പംമുതലേ അച്ഛനൊപ്പം കാളപൂട്ട് കാണാനും കാളകളെ പരിപാലിക്കുന്നതിന്റെ രീതികൾ മനസ്സിലാക്കാനും ആനന്ദനും, സുരേന്ദ്രനും വലിയ താൽപര്യമായിരുന്നു. അച്ഛന്റെ മരണശേഷം ആ കമ്പം ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു ഇരുവരും. ഏകദേശം മൂന്ന് പതിറ്റാണ്ടായി കാളപൂട്ടിന്റെ ആവേശലോകത്ത് സജീവമാണ് പട്ടോത്ത് സഹോദരങ്ങൾ.

14-ാം വയസ്സിൽത്തന്നെ കാളപൂട്ടിന്റെ ആവേശം മനസ്സിൽ നിറച്ച ആനന്ദൻ അന്ന് കാളിക്കാവ്, പെരുമണ്ണ, ഐക്കരപ്പടി, പന്തീരാങ്കാവ്, കരേക്കാട് തുടങ്ങി വിവിധ പ്രദേശങ്ങളിലെ കാളപൂട്ട് മത്സരങ്ങൾ കാണാൻ അച്ഛനോടൊപ്പം പോകുന്നത് ഇന്നും ഓർമ്മയിലുണ്ട്. സുഹൃത്തുക്കളും അയൽവാസികളും കുടുംബാംഗങ്ങളും ഒരുപോലെ ഈ കമ്പത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
കാളകൾ സ്വന്തം മക്കളെപ്പോലെ

ആനന്ദന്റെ കയ്യിൽ പുല്ലൻ, ,പാണ്ടൻ തുടങ്ങിയ കാളകൾക്കൊപ്പം ചുണങ്ങൻ, മൈലൻ എന്നീ പേരുകളിലുള്ള ഉരുക്കളുമുണ്ട്. ഇവയെല്ലാം വെറും മത്സരത്തിനുള്ള കാളകളല്ല. കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അവയെ പരിപാലിക്കുന്നത്.

കോഴിമുട്ട, കാലിത്തീറ്റ, ചികിത്സ, പരിചരണം തുടങ്ങി കാളകളെ വളർത്തുന്നതിന് വലിയ സാമ്പത്തിക ചെലവുണ്ട്. എന്നാൽ അതിന്റെ കണക്കുകൾ മാത്രം നോക്കിയാൽ ഈ കമ്പം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നാണ് ആനന്ദന്റെ പക്ഷം.

നമ്മൾ മക്കളെ വളർത്തുമ്പോൾ ഓരോ ദിവസത്തെയും ചെലവ് കണക്കുകൂട്ടി സ്നേഹം നൽകാറുണ്ടോ? അതുപോലെ കാളകളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച് പരിചരിക്കണം. അങ്ങനെയായാലേ അവയെ സംരക്ഷിക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും കഴിയൂ” എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

കാളപൂട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഉരുക്കളെ സാധാരണ പറമ്പിൽ പൂട്ടുന്നതിനോ മറ്റ് കാർഷിക ആവശ്യങ്ങൾക്കോ ഉപയോഗിക്കാറില്ല. അവയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കാൻ പ്രത്യേക പരിചരണമാണ് നൽകുന്നത്.

കാർഷിക പാരമ്പര്യത്തിൽനിന്ന് യുവതലമുറയിലേക്ക്

മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും പേരിൽ മനുഷ്യർ വേർതിരിഞ്ഞുനിൽക്കുന്ന കാലത്ത് കാളപൂട്ട് നൽകുന്ന കൂട്ടായ്മയ്ക്ക് വലിയ സാമൂഹിക പ്രാധാന്യമുണ്ടെന്ന് ആനന്ദൻ വിശ്വസിക്കുന്നു. കൃഷിയും കൃഷിയിടങ്ങളും നിലനിൽക്കുമ്പോഴാണ് ഇത്തരം കാർഷിക ആഘോഷങ്ങൾക്കും കാളകളെ വളർത്തുന്ന സംസ്കാരത്തിനും തുടർച്ചയുണ്ടാകുന്നത്.

കാളപൂട്ട് ഒരു കാർഷിക വിനോദം മാത്രമല്ല, യുവതലമുറയെ കൃഷിയിലേക്കും കൂട്ടായ്മയിലേക്കും തിരിച്ചുകൊണ്ടുവരാനുള്ള അവസരം കൂടിയാണ്. ലഹരിയുടെ പിടിയിലേക്ക് വഴുതിവീഴുന്ന യുവാക്കളെ ഇത്തരം സജീവ കൂട്ടായ്മകളിലൂടെ നല്ല വഴികളിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

കുന്ദമംഗലത്ത് വോളിബോളിനും ഫുട്ബോളിനും ലഭിക്കുന്ന പ്രാധാന്യത്തിന് സമാനമായി കാളപൂട്ടിനും ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൂടുതൽ പ്രോത്സാഹനം ലഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പട്ടോത്ത് ബ്രദേഴ്സ് കാളപൂട്ട് രംഗത്ത് മുൻനിരയിൽ നിൽക്കുന്നതിന്റെ സന്തോഷത്തിനൊപ്പം ഭാര്യമാരും മക്കളും സുഹൃത്തുക്കളും ഈ പാരമ്പര്യത്തിന് പിന്തുണയുമായി ഒപ്പമുണ്ടെന്നതും കുടുംബത്തിന് വലിയ കരുത്താണ്.
പരാജയത്തിലും മായാത്ത ആവേശം
കഴിഞ്ഞ ദിവസം പുല്ലാളൂരിൽ നടന്ന കാളപൂട്ട് മത്സരത്തിൽ ആനന്ദന്റെ ഉരുക്കൾ മൂന്നാം റൗണ്ടിലെത്തിയെങ്കിലും ഫൗൾ കാരണം പുറത്താകേണ്ടിവന്നു. എങ്കിലും അതൊന്നും ആവേശത്തിന് കുറവുണ്ടാക്കിയില്ല. വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ആനന്ദൻ ഡിസംബർ 20ന് പെരുമണ്ണയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.
ചെളിപ്പാടത്ത് തെളിയുന്നൊരു സംസ്കാരത്തിന്റെ സൗന്ദര്യം

കഴിഞ്ഞ ദിവസത്തെ പുല്ലാളൂർ കാളപൂട്ട് മത്സരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനാവലിയാണ് ഒഴുകിയെത്തിയത്. മുൻകാലങ്ങളിൽ പഴമക്കാരുടെ കാർഷിക ആഘോഷമായി മാത്രം കണ്ടിരുന്ന കാളപൂട്ടിനെ ഇന്ന് പുതുതലമുറയും ആവേശത്തോടെ ഏറ്റെടുക്കുന്ന കാഴ്ച ശ്രദ്ധേയമാണ്.

ചെളിപ്പാടത്ത് ഉയരുന്ന ആർപ്പുവിളികളും കാളകളുടെ കുതിപ്പും മണ്ണിന്റെ മണവും ചേർന്നപ്പോൾ അവിടെ തെളിഞ്ഞത് ഒരു മത്സരത്തിന്റെ കാഴ്ച മാത്രമായിരുന്നില്ല; മറിച്ച് പഴയകാല കാർഷിക പ്രതാപത്തിന്റെയും ഗ്രാമീണ സംസ്കാരത്തിന്റെയും ഗൃഹാതുരമായ ഓർമകളായിരുന്നു.

ഒരു മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ട് അവരുടെ ആവേശം അവസാനിക്കുന്നില്ല. വർഷങ്ങളുടെ വിയർപ്പിലും സ്നേഹത്തിലും വളർത്തിയെടുത്ത ഉരുക്കൾ ചെളിയിലൂടെ മിന്നൽപ്പിണർപോലെ കുതിച്ചുപായുമ്പോൾ ആനന്ദന്റെയും സുരേന്ദ്രന്റെയും മുഖത്ത് തെളിയുന്നത് ആത്മസംതൃപ്തിയാണ്.

കാരണം, പട്ടോത്ത് സഹോദരന്മാർക്ക് കാളപൂട്ട് ഒരു വിനോദമോ മത്സരമോ മാത്രമല്ല. മനുഷ്യനും മിണ്ടാപ്രാണികളും തമ്മിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധമാണ്. തലമുറകൾ കൈമാറിയ മണ്ണിന്റെ മണവും കാർഷിക പാരമ്പര്യവും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കാനുള്ള ഒരു ജീവിതദൗത്യം കൂടിയാണ മൂന്ന് പതിറ്റാണ്ടിന്റെ കാളക്കമ്പവുമായി കുന്ദമംഗലം പട്ടോത്ത് ആനന്ദനും സഹോദരൻ സുരേന്ദ്രനും. സ്വന്തം മക്കളെപ്പോലെ കാളകളെ സ്നേഹിച്ച് പരിപാലിക്കുന്ന പട്ടോത്ത് സഹോദരങ്ങൾക്ക് കാളപൂട്ട് കേവലം മത്സരമല്ല, തലമുറകളുടെ കാർഷിക പാരമ്പര്യമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!