നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റും (എൻ.ഐ.ടി.സി.) ശ്രീലങ്കൻ നഗരവികസന, നിർമാണ, ഭവനകാര്യ മന്ത്രി അനൂര കരുണതിലകയും തമ്മിൽ കൂടിക്കാഴ്ച നടന്നു. എൻ.ഐ.ടി.സി. ബോർഡ് റൂമിൽ നടന്ന കൂടിക്കാഴ്ചയിൽ ശ്രീലങ്കയും എൻ.ഐ.ടി.സി.യും തമ്മിലുള്ള ഭാവി സഹകരണങ്ങൾ ചർച്ചകൾ നടന്നു. സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ചർച്ചയിൽ എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ സ്ഥാപനത്തിന്റെ വളർച്ചയെയും നേട്ടങ്ങളെയും കുറിച്ച് വിശദമായ അവതരണം നടത്തി.
ദേശീയ, അന്തർദേശീയ തലങ്ങളിൽ ഒരു പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി മാറാനുള്ള എൻ.ഐ.ടി.സി.യുടെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചു. പ്രത്യേകിച്ചും, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) മുൻനിർത്തി, ഗ്ലോബൽ സൗത്ത് നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിൽ എൻ.ഐ.ടി.സി.യുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്ലെയ്‌സ്‌മെന്റ് റെക്കോർഡുകളിലും, അക്കാദമിക് മികവിലും, അടിസ്ഥാന സൗകര്യ വികസനത്തിലും എൻ.ഐ.ടി.സി. കൈവരിച്ച നേട്ടങ്ങളും അദ്ദേഹം വ്യക്തമാക്കി.

