ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം ഇന്ന് നടക്കും. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന് എറിഞ്ഞിട്ട് 9 വിക്കറ്റിന്റെ വമ്പൻ ജയം നേടുകയായിരുന്നു ടീം ഇന്ത്യ. അതേസമയം ഒമാനെ പാകിസ്താൻ തകർത്തത് 93 റൺസിനും.
ലോക ചാമ്പ്യന്മാരും ഏഷ്യൻ ചാമ്പ്യന്മാരുമായ ടീം ഇന്ത്യ കണക്കിലും കരുത്തിലും എല്ലാം പാകിസ്താനെതിരെ ബഹുദൂരം മുന്നിലാണ്. യുവാവേശവും പരിചയസമ്പത്തും ഒരുപോലെ കണ്ണിചേർന്ന ബാറ്റിംഗ് നിരയും ജസ്പ്രീത് ബുംറയെന്ന തീപ്പൊരി പേസറും വൈഡ് വെറൈറ്റി ഓഫ് സ്പിന്നേഴ്സുമെല്ലാം ഇന്ത്യക്ക് മാത്രം സ്വന്തം.
ക്യാപ്റ്റൻ സൽമാൻ അലി ആഗയും മുഹമ്മദ് ഹാരിസും നയിക്കുന്ന ബാറ്റിംഗ് നിരയിലും ഷഹീൻ അഫ്രീദി – ഹാരിസ് റൗഫ് പേസ് ജോഡിയിലുമാണ് പാകിസ്താന്റെ പ്രതീക്ഷകൾ. കുട്ടിക്രിക്കറ്റിലെ നേർക്കുനേർ കണക്കുകളിൽ മൃഗീയാധിപത്യമുണ്ട് ഇന്ത്യക്ക്. പതിമൂന്ന് മത്സരങ്ങളിൽ 10ലും ജയം. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടയിലാണ് മത്സരം.

