പത്തനാപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സുകുമാരന്‍ നായര്‍ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാന്‍ താന്‍ ഇല്ലെന്നും ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യന്‍ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താന്‍ അത് പാലിക്കുന്നുവെന്നും എന്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഗണേഷ് വ്യക്തമാക്കി. സുകുമാരന്‍ നായര്‍ക്ക് ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞു. താന്‍ നിന്നു. എന്നാല്‍, രാത്രിയില്‍ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും ജനറല്‍ സെക്രട്ടറിയെ മാറ്റാന്‍ കഴിയുക സുകുമാരന്‍ നായരുടെ കരയോഗത്തിനാണെന്നും ആ കരാള ഹസ്തത്തില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നുവെന്നും ഗണേഷ് വ്യക്തമാക്കി. പത്തനാപുരത്തെ തോല്‍വിയില്‍ സുകുമാരന്‍ നായരുടെ ഗൂഢാലോചനയുണ്ട്. തന്നെ കൊണ്ട് വാ തുറപ്പിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്.
മകളെ കുറിച്ചും മകനെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയാനുണ്ടെന്നും എന്‍എസ്എസ് വഴി കിട്ടിയ കാര്യങ്ങള്‍ സുകുമാരന്‍ നായരുടെ ഔദാര്യം അല്ല എന്ന് നായര്‍ സമുദായ അംഗങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നത് കൊണ്ട് കഴിഞ്ഞു കൂടാം എന്ന് നായന്മാര്‍ കരുതരുത്. ധനലക്ഷ്മി ബാങ്കിലെ രേഖകള്‍ എന്റെ കൈയിലുണ്ട്. ധനലക്ഷമി ബാങ്ക് പ്രശ്‌നത്തില്‍ സുകുമാരന്‍ നായരെ രക്ഷിക്കാന്‍ പോയയാള്‍ ഇപ്പോള്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്നുവെന്നും ബദല്‍ സംഘടന ഉണ്ടാക്കില്ലെന്നും പോരാട്ടത്തില്‍ ഒപ്പം ഉണ്ടാകുമെന്നും ഗണേഷ് പറഞ്ഞു

