വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം; ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്സിയുമായി

0
56
വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെയുള്ള സന്ദേശം;  ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക ചരിത്രം പറയുന്ന ജഴ്‌സിയുമായി

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇറങ്ങുക പുതിയ ജഴ്സിയില്‍. ഓസ്‌ട്രേലിയന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തെയും വിളിച്ചോതുന്ന പുതിയ ജഴ്സി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജഴ്സിയുടെ രൂപകല്‍പന. ഓസ്‌ട്രേലിയയിലെ ഗോത്രവര്‍ഗക്കാര്‍ യൂറോപ്യന്മാര്‍ വരുന്നതിനുമുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്നവരാണ്. തദ്ദേശവാസികളുടെ ഇപ്പോഴത്തെ ജനസംഖ്യ ഏകദേശം 800,000 ആയി കണക്കാക്കപ്പെടുന്നു, ഇത് ഓസ്‌ട്രേലിയയിലെ മൊത്തം ജനസംഖ്യയുടെ 3% ആണ്. ജഴ്സി രൂപകല്‍പ്പന ചെയ്തത് രണ്ട് തദ്ദേശീയ സ്ത്രീകളായ ആന്റി ഫിയോണ ക്ലാര്‍ക്ക്, കോര്‍ട്ട്നി ഹേഗന്‍ എന്നിവരാണ്.

ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ബഹുമുഖമല്ലെന്നും ഇത് ഒരു വെള്ളക്കാരുടെ കളിയാണെന്നും തദ്ദേശീയര്‍ക്കിടയില്‍ ഒരു വികാരമുണ്ട്. വളരെ അപൂര്‍വമായി മാത്രമേ ആദിവാസി വംശജരായ കളിക്കാര്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ ഉയര്‍ന്ന തലത്തിലേക്ക് എത്തിയിട്ടുള്ളു.ഓസ്ട്രേലിയയ്ക്കായി ഇതുവരെ നാല് തദ്ദേശിയരായ പുരുഷന്‍മാരും രണ്ട് തദ്ദേശിയരായ വനിതകളും മാത്രമാണ് ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അതില്‍ ജേസണ്‍ ഗില്ലസ്പി, ഡാന്‍ ക്രിസ്റ്റ്യന്‍, ഡി ആര്‍സി ഷോര്‍ട്ട്, ആഷ്‌ലെയ് ഗാര്‍ഡ്നര്‍ എന്നിവരാണ് തദ്ദേശവാസികളുടെ പിന്‍ഗാമികളായ പ്രശസ്ത ക്രിക്കറ്റ് താരങ്ങള്‍.

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ വനിതാ ടീം ആദ്യമായി ഈ തദ്ദേശീയ ജഴ്സി ധരിച്ചിരുന്നു. കായികരംഗത്തെ വംശീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഓസീസ് വനിതാ ടീം സജീവമാണ്. വനിതാ ബിഗ് ബാഷ് ലീഗില്‍ ചില ടീമുകളും കളിക്കാരും വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ കാല്‍മുട്ട് മടക്കി ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നു. പുരുഷ ടീമിനായി ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ജഴ്സി ആദ്യം ധരിച്ചത്. ഇന്ത്യക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലാണ് ഓസീസ് ടീം ഈ ജഴ്സി ആദ്യം അണിയുക.

LEAVE A REPLY

Please enter your comment!
Please enter your name here