കൊൽക്കത്ത ∙ ദുർഗാപുരിൽ എംബിബിഎസ് വിദ്യാർഥിനിയുടെ കൂട്ടബലാത്സംഗത്തിൽ വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 23 വയസ്സുള്ള വിദ്യാർഥിനി രാത്രി എങ്ങനെ ക്യാംപസിനു പുറത്തിറങ്ങിയെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മമത ഇരയെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
‘‘വിദ്യാർഥിനി ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുകയായിരുന്നു. ആരുടെ ഉത്തരവാദിത്തമാണ് അത്? പുലർച്ചെ 12.30 ന് അവൾ എങ്ങനെയാണ് ക്യാംപസിനു പുറത്തിറങ്ങിയത് ? സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്’’ – ഇതായിരുന്നു ബലാത്സംഗ വിവരം പുറത്തറിഞ്ഞ ശേഷം മമതാ ബാനർജിയുടെ ആദ്യ പ്രതികരണം.
സ്വകാര്യ മെഡിക്കൽ കോളജുകൾ അവരുടെ വിദ്യാർഥികളെ ശ്രദ്ധിക്കണമെന്നും മമത പറഞ്ഞു. രാത്രി സംസ്കാരവും ശ്രദ്ധിക്കണം. വിദ്യാർഥികളെ പുറത്തിറങ്ങാൻ അനുവദിക്കരുത്, അതൊരു വനമേഖലയാണ്. ഒഡീഷയിൽ, കടൽത്തീരങ്ങളിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. ഒഡീഷ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്. കുറ്റക്കാർ ശിക്ഷിക്കപ്പെടും. ഞങ്ങൾ കർശന നടപടിയെടുക്കും. മണിപ്പുർ, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ എന്നിവിടങ്ങളിൽ ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. അവരെല്ലാം നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങൾ കരുതുന്നതെന്നും മമത ബാനർജി പറഞ്ഞു.
നീതിക്ക് പകരം മമത ഇരയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ എക്‌സിൽ കുറിച്ചു. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പകരം രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിക്ക് ആ പദവിയിൽ തുടരാൻ ധാർമിക അവകാശമില്ല. അരാജകവാദിയും ഹൃദയശൂന്യയുമായ മമതയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. അവർ രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

