കുന്ദമംഗലം: പൈങ്ങോട്ടുപുറം 16-ാം വാർഡിൽ പേവിഷബാധയേറ്റ കുറുക്കന്റെ കടിയേറ്റ അഞ്ച് പേരെ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി സന്ദർശിച്ചു. വെളുത്താമ്പത്ത് മാമുക്കോയ, വെളുത്താറമ്പത്ത് അബൂബക്കർ, വെള്ളക്കാട്ട് താഴം സീതിക്കുട്ടി, കലങ്ങോട്ട് അബൂബക്കർ, മംഗലക്കാട്ട് താഴം അബ്ദുറഹ്മാൻ (ബാവ) എന്നിവരെയാണ് സന്ദർശിച്ചത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുമോൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീബ പുൽക്കുന്നുമ്മൽ, മെമ്പർ കെ.പി. അബ്ബാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കുറുക്കനെ നാട്ടുകാർ തല്ലി കൊന്നെങ്കിലും മറ്റ് കുറുക്കന്മാർക്കും നായകൾക്കും പേവിഷബാധയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. ഗഫൂർ കുപ്പേരി, മുഹമ്മദ് കലങ്ങോട്ട്, ശിഹാബുറഹ്മാൻ എരഞ്ഞോളി, ശറഫുദ്ധീൻ എരഞ്ഞോളി, അഷ്റഫ് കിഴക്കയിൽ, സാജിദ് വെളുത്താറമ്പത്ത് എന്നിവർ അനുഗമിച്ചു.

