മുക്കം: കാരശ്ശേരി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്.
ടി.വി.എസ് ഷോറൂമിന് മുന്നിൽ ഏറെ നേരമായി കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അപസ്മാര രോഗബാധയുണ്ടായിരുന്നതായി അനീഷിനെക്കുറിച്ച് പ്രാഥമിക വിവരമുണ്ട്. ഇന്നലെ മുതൽ അനീഷിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കാരശ്ശേരി പാലത്തിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് മുക്കം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

