ന്യൂഡല്‍ഹി: ഉദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായ രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര കുമാര്‍ (36) ആണ് മരിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപൂര്‍ വ്യോമതാവളത്തിന് നേരെ പാക് ഡ്രോണ്‍ ആക്രമണം നടന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തു. എന്നാല്‍ ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്രന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അര്‍ധ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രില്‍ 20നാണ് സുരേന്ദ്ര കുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു താമസിച്ചത്. വര്‍ധിക, ദക്ഷ് എന്നിവര്‍ മക്കളാണ്. പാകിസ്താന്‍ സൈന്യം ശനിയാഴ്ച നടത്തിയ മോര്‍ട്ടാര്‍ ഷെല്ലിങ്ങിലും ഡ്രോണ്‍ ആക്രമണങ്ങളിലും അതിര്‍ത്തി ജില്ലകളില്‍ രണ്ട് വയസ്സുള്ള കുട്ടിയും ജില്ലതല ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. എട്ട് ബി.എസ്.എഫ് ജവാന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.