ശബരിമല അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയെന്ന കണ്ടെത്തലിനെ തുടർന്ന് അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ വിതരണം നിർത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര അതോറിറ്റി കോടതി നിർദ്ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്‍റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന. അരവണ പ്രസാദത്തിന്‍റെ സാമ്പിള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.ഇനി പുതിയ അരവണ ഉത്പാദിപ്പിച്ച ശേഷംമാത്രമേ തീര്‍ഥാടകര്‍ക്കായി വിതരണം ചെയ്യൂ.
ഏലക്കയില്‍ ഗുരുതരമായ കീടനാശിനി;ശബരിമലയിൽ അരവണ വിതരണം താത്കാലികമായി നിർത്തിവച്ചു,നാളെ മുതൽ ഏലയ്ക്ക ഇല്ലാത്ത പുതിയ അരവണ

