ഇത് അതിജീവനത്തിന്റെ ഓണം. പ്രളയത്തിനു മുന്നില്‍ തോറ്റുകൊടുക്കാതെ ശക്തമായി എതിരിട്ടു നിന്ന ഓരോരുത്തരുടെയും തിരിച്ചുവരവിന്റെ പൊന്നോണം.നാടിന്റെ കലാ സാംസ്കാരിക പെരുമ വിളിച്ചോതി സംഗീതവും നൃത്തവും നാടൻകലയുമെല്ലാം അരങ്ങിലെത്തിയതോടെ ജില്ലയിൽ ഓണപരിപാടികൾക്ക് വർണപ്പകിട്ടാർന്ന തുടക്കം. വൈകിട്ട് ടാഗോർ ഹാളിൽ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തതോടെ ഓണാഘോഷത്തിന് തുടക്കമായി.
ടാഗോർ ഹാളിൽ സിനിമ താരം ആശാ ശരത്തും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടിക്ക് പുറമേ, ടൗൺഹാളിൽ ആദ്യ ദിനത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന നാടകം അരങ്ങേറി . ജർമൻ നാടകകൃത്തായ ബെർട്ടോൾട് ബ്രെറ്റ്ച്ചിന്റെ ദ് കോക്കേഷ്യൻ ചോക്ക് സർക്കിൾ എന്ന നാടകത്തിന്റെ സ്വതന്ത്ര മലയാള ആവിഷ്കാരമാണ് കാളിദാസ കലാകേന്ദ്രത്തിന്റെ 58 മത് നാടകം കൂടിയായ അമ്മ. നാടകത്തിന്റെ രചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കരയാണ്. സംവിധാനം ഇ.എ.രാജേന്ദ്രൻ. പേരുപോലെ മാതൃത്വത്തിന്റെ വേറിട്ട അർത്ഥ തലങ്ങൾ നാടകം പ്രേക്ഷകന് നൽകുന്നു. പ്രകൃതിയെയും മനുഷ്യനന്മയെയും ചൂഷണം ചെയ്യുന്ന അധാർമികതയ്ക്കെതിരെ ശക്തമായ പ്രമേയമാണ് നാടകം.
മാനാഞ്ചിറയിലെ വേദിയില്‍ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് പ്രദര്‍ശനം, കുരുവട്ടൂർ സ്വരലയ അവതരിപ്പിച്ച പഞ്ചാരിമേളം, ഇപ്റ്റ അവതരിപ്പിച്ച നാട്ടരങ്ങ് എന്നിവയും നടന്നു. മജീഷ്യൻ പ്രദീപ് ഹുഡിനോ അവതരിപ്പിച്ച വണ്ടർ ഓൺ വീൽസ് മാജിക് ഷോയും ഓണാഘോഷത്തിന് ഭാഗമായി ഉണ്ടായിരുന്നു. കോഴിക്കോട് ബീച്ച്, കടലുണ്ടി ലെവൽക്രോസ്, ഒളവണ്ണ കൊടിനാട്ടുകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് മാജിക് അവതരിപ്പിച്ചത്.

