കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ. നിര്‍മ്മാണത്തില്‍ പിഴവില്ലെന്നും അപകട കാരണം മണ്ണിടിച്ചിലെന്നുമാണ് വിശദീകരണം. തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി അവകാശപ്പെട്ടു. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ പറയുന്നു.
നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമാണ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണ്. മലയിടിച്ചിലാണ് ദുരന്ത കാരണമെന്നും 110 മീറ്റര്‍ ഉയരത്തില്‍ മണ്ണിടിച്ചിലുണ്ടായെന്നും കൊങ്കണ്‍ റെയില്‍വേ അവകാശപ്പെട്ടു.
അതേസമയം കാണാതായ തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന തുടരുക. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാപക തെരച്ചില്‍ പുരോഗമിക്കുന്നത്. ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

