കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് നോട്ടീസ്. എസിപി അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. എസിപി പി.പി ഷിബു, സിഐമാരായ രജീഷ്, ടി.എസ് ബിനു എന്നിവര്‍ക്കാണ് നോട്ടീസ്.
വിമാനത്താവളത്തിനുള്ളിലും പരിസരത്തുനിന്നും പിടികൂടുന്ന കള്ളക്കടത്ത് സ്വര്‍ണം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനങ്ങളും വീഴ്ചകളും ഉണ്ടായതായി കസ്റ്റംസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കസ്റ്റംസ് ആക്ട് പ്രകാരം വിമാനത്താവള പരിധിയില്‍ സ്വര്‍ണം പിടികൂടാന്‍ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണെന്നിരിക്കെ, പൊലീസ് പിടിച്ചെടുക്കുന്ന ഭൂരിഭാഗം കേസുകളും കസ്റ്റംസിന് ഔദ്യോഗികമായി കൈമാറിയിരുന്നില്ല.

