കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 2160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.
ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില ഒരു ദിവസം ഇത്രയും വര്‍ധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില വര്‍ധനക്കുള്ള കാരണം.
സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ കഴിഞ്ഞ ദിവസം 2.6 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ട്രോയ് ഔണ്‍സിന് 3,059 ഡോളറായാണ് സ്വര്‍ണവില ഉയര്‍ന്നത്. യു.എസില്‍ ഗോള്‍ഡ് ഫ്യൂച്ചര്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 3,079 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025ല്‍ മാത്രം 400 ഡോളറിന്റെ വില വര്‍ധനയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്.