മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.