
അമേരിക്കയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 10,288,480 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ലോകത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യംകൂടിയായി അമേരിക്ക.
ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം അന്പതുകോടി കടന്ന അതേദിവസം തന്നെയാണ് അമേരിക്കയിലും പുതിയ കോവിഡ് റെക്കോഡ് കുറിച്ചത്. പത്തുലക്ഷത്തോളം കോവിഡ് കേസുകളാണ് കഴിഞ്ഞ പത്ത്ദിവസത്തിനിടെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 293 ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഈ ഒരാഴ്ചയ്ക്കുള്ളില്‍ രേഖപ്പെടുത്തുന്നത്.
ശനിയാഴ്ച മാത്രം 131,420 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. റോയിട്ടേഴ്സ് പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച നാല് ദിവസങ്ങളില്‍ അമേരിക്കയില്‍ പ്രതിദിന കണക്ക് ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ യുഎസിലെ കോവിഡ് പ്രതിദിനകണക്കില്‍ 29% അധികം വര്‍ധനവുണ്ടായെന്നാണ് കരുതപ്പെടുന്നത്. ഇത് കോവിഡ് രൂക്ഷമായി ബാധിച്ച മറ്റ് രാജ്യങ്ങളായ ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സംയോജിത ശരാശരിയെക്കാള്‍ വളരെ കൂടുതലാണ്.
അമേരിക്കയില്‍ ഇതുവരെ 243,768 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടര്‍ച്ചയായി പ്രതിദിനം ആയിരത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആഗസ്റ്റ് പകുതിയ്ക്ക് ശേഷം ഇപ്പോഴാണ് മരണനിരക്കില്‍ ഇത്തരത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ നാല് മുതല്‍ ആറാഴ്ച വരെ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
അതേസമയം കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാന്‍ ഡ്രംപ് പരാജയപ്പെട്ടുവെന്ന് തന്റെ പ്രചാരണങ്ങളിലുടനീളം വിമര്‍ശനം ഉന്നയിച്ചിരുന്ന പുതിയ പ്രസിഡന്റ് ജോ ബൈഡന്, കോവിഡ് മഹാമാരിക്ക് തന്നെയാകും താന്‍ ഉയര്ന്നപ്രാധാന്യം നല്‍കുക എന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തില്‍ ഒരു 12 അംഗ ടാസ്ക് ഫോഴ്സ് സംബന്ധിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

