വയനാട്: മുട്ടിൽ മരംമുറി ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക മരംകൊള്ളയ്ക്ക് വഴിവച്ച വിവാദ ഉത്തരവിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന് റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എ ജയതിലക് ഒപ്പിട്ട ഉത്തരവിന് വ്യക്തതയില്ലെന്നും, വയനാട്ടിൽ മരംകൊള്ളയ്ക്ക് കാരണമാകുമെന്നും ജില്ലാ കളക്ടറായിരുന്ന ഡോക്ടർ അദീല അബ്ദുല്ല അന്ന് വ്യക്തമാക്കിയിരുന്നു. ലാൻഡ് റവന്യൂ കമ്മീഷണർക്കായിരുന്നു അദീല അബ്ദുല്ലയുടെ കത്ത്. കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു
ലാൻഡ് റവന്യൂ കമ്മീഷണർക്ക് നൽകിയ കത്തിൽമേൽ നടപടിയുണ്ടായില്ല. പട്ടയം ലഭിക്കുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങൾ സർക്കാരിൻ്റെയല്ലേയെന്നും ഈ മരങ്ങൾ മുറിക്കാൻ കഴിയുമോയെന്നും കളക്ടർ ചോദിച്ചിരുന്നു. 2020 ഡിസംബർ 15നാണ് അദീല അബ്ദുല്ല കത്ത് കൈമാറിയിരുന്നത്. ഒക്ടോബർ 24നാണ് വിവാദ ഉത്തരവ് ഇറങ്ങിയിരുന്നത്. ഉത്തരവിന് പിന്നാലെ മരം മുറിക്ക് അനുമതി തേടി നിരവധി ആളുകൾ എത്തിയതോടെയാണ് മരംകൊള്ള ആശങ്ക ജില്ലാ കളക്ടർ പങ്കുവെച്ചത്.
റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കണ്ടെത്താനായില്ല. 14 കോടിയിലധികം രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു. ആറ് കോടി രൂപയുടെ മരങ്ങള്‍ പിടികൂടാനായില്ല. റവന്യൂവകുപ്പിന്റെ മരങ്ങളാണ് ഉത്തരവിന്റെ മറവില്‍ മുറിച്ചത്. 2021 ഫെബ്രുവരി നാലിന് ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു. ഇക്കാലയളവില്‍ സംസ്ഥാനത്ത് 2600ലധികം മരങ്ങള്‍ മുറിച്ചുകടത്തി.

