മുല്ലപ്പെരിയാറില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു; പലയിടങ്ങളില്‍ ഇന്നും വെള്ളം കയറി

0
125

ഇന്ന് രാവിലെ തുറന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകളില്‍ മൂന്നെണ്ണം അടച്ചു. നിലവില്‍ തുറന്ന ആറ് ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്ററും ഒരു ഷട്ടര്‍ 30 സെന്റിമീറ്ററും വീതം ഉയര്‍ത്തി 4712.82 ഘനയടി ജലമാണ് പുറത്തേക്കൊഴുക്കുന്നത്. 141.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇന്ന് പുലര്‍ച്ചെ 5.15 മുതല്‍ ഇന്നലെ തുറന്നിരുന്ന ഒരു ഷട്ടറിനു പുറമെ നാല് ഷട്ടറുകള്‍ കൂടി 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ആറ് മണിയോടെ ഇവ 60 സെന്റിമീറ്ററായി ഉയര്‍ത്തി. 06.45 ഓടെ രണ്ടു ഷട്ടറുകളും ഏഴ് മണിയോടെ മറ്റു രണ്ടു ഷട്ടറുകളും കൂടി തുറന്ന് കൂടുതല്‍ ജലം ഒഴുക്കുകയായിരുന്നു. ഒമ്പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. പലയിടങ്ങളിലും വെള്ളം കയറി.

കടശ്ശിക്കാട് ആറ്റോരം ഭാഗത്തെ അഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്. വികാസ് നഗര്‍ ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിരുന്നു.

അതേസമയം, മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളം ഇടക്കാല സത്യവാങ്മൂലം നല്‍കുക. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിന്റെ നീക്കം.

തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

അണക്കെട്ട് രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. രാത്രി വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here