തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ ബാര്‍ ഉടമകളില്‍ നിന്ന് പണം സ്വീകരിക്കുന്നുവെന്ന മുന്‍ എക്സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റെ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി എക്സൈസ് വകുപ്പ്. നിയമോപദേശം ലഭിച്ച ശേഷം റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കാനാണ് നീക്കം. സൗത്ത് സോണ്‍ എക്സൈസ് ജോയിന്റ് കമ്മീഷണര്‍ വിനോദ്, ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് എന്നിവര്‍ ബാര്‍ ഉടമകളില്‍ നിന്ന് പണം സ്വീകരിക്കുന്നുവെന്നായിരുന്നു സ്ഥാനം ഒഴിയും മുമ്പ് സാംബശിവ റാവു സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആരോപണം.
കള്ളുഷാപ്പ് അനുവദിക്കുന്നതില്‍ ക്രമക്കേട് നടത്തിയ ഇവര്‍, ലൈസന്‍സ് അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഡെപ്യുട്ടി കമ്മീഷണര്‍ അജയ്, കോട്ടയത്ത് ബാറുകള്‍ ലീസിനെടുത്ത് പ്രവര്‍ത്തിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ ഉണ്ട്.
കായംകുളത്തെ ബാര്‍ ഉടമയും എക്സൈസ് മന്ത്രി എം ലിജുവും തമ്മില്‍ വ്യക്തിപരമായ ബന്ധമുണ്ടെന്ന പരാമര്‍ശം പ്രതിപക്ഷം ആയുധമാക്കുന്നതില്‍ പ്രതിരോധം തീര്‍ക്കാനാണ് യു ഡി എഫ് നീക്കം. ഇതിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറായിരുന്ന കാലത്ത് സാംബശിവ റാവു അനുവദിച്ചു നല്കിയ ബാര്‍ ലൈസന്സുകളിലും അന്വേഷണം നടത്തും
റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തേ പറഞ്ഞിരുന്നെങ്കില്‍ അന്നേ അന്വേഷിക്കുമായിരുന്നു. നെടുമ്പാശ്ശേരിയില്‍ ലൈസന്‍സ് നല്‍കിയത് ഉള്‍പ്പെടെ എല്ലാം അന്വേഷിക്കും. വിരമിച്ച ഉദ്യോഗസ്ഥരെ കുറിച്ച് വരെ അന്വേഷിക്കണം എന്നാണ് തന്റെ അഭിപ്രായമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

