തൃശൂര്‍: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകള്‍. ‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ എസ് തുടരണം’ എന്ന തലക്കെട്ടിലായിരുന്നു ബോര്‍ഡ്. ‘കെ സുധാകരന്‍ തുടരട്ടെ, പിണറായി ഭരണം തുലയട്ടെ’ എന്നാണ് ബോര്‍ഡിലെ വാചകം. കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരാന്‍ ഊര്‍ജ്ജസ്വലതയുള്ള നേതാവെന്നും സുധാകരനെ പിന്തുണച്ച് ഫ്‌ളക്‌സില്‍ എഴുതിയിട്ടുണ്ട്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പേരിലാണ് ബോര്‍ഡ്.
കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ചര്‍ച്ചകള്‍ നിലനില്‍ക്കവെയാണ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഈ ആശയകുഴപ്പത്തിനിടയില്‍ വിഷയത്തില്‍ ഇടപെട്ട് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു.