ഉത്തരാഖണ്ഡ് ദുരന്തം;14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേർക്കായി തിരച്ചിൽ തുടരുന്നു

0
172

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇതുവരെ 15 പേരെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചതായും ചമോലി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ വ്യാപ്​തി വർധിപ്പിച്ചത്​.വെള്ളപ്പൊക്കത്തിൽ അഞ്ച് പാലങ്ങളും നിരവധി വീടുകളും എൻ‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകർന്നിട്ടുണ്ട്​. കാണാതായവരിൽ 148 പേർ ജലവൈദ്യുത പ്ലാന്‍റിൽ ജോലി ചെയ്യുന്നവരാണ്​.

അതേസമയം, നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം രക്ഷപ്പെടുത്തി. രണ്ടാമത്തെ തുരങ്കത്തിൽ മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. 2.5 കിലോമീറ്റർ നീളം വരുന്ന ഈ തുരങ്കത്തിനുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാനായി ശ്രമം തുടരുകയാണ്​.

നദികൾ കരകവിഞ്ഞ്​ ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനം പലയിടത്തും സാധ്യമാകാതെ വരുന്നുണ്ട്​. പ്രദേശത്ത്​ കര-വ്യോമ-നാവിക സേനകൾ ഏറെ പണിപ്പെട്ടാണ്​ പ്രവർത്തിക്കുന്നത്​.മരിച്ചവരുടെ കുടുംബത്തിന് നാല്​ ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ്​ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട്​ ലക്ഷം രൂപയും നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here