കൊച്ചി: മഹാരാജാസ് കോളേജ് എസ്.എഫ്.ഐ നേതാവ് അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നും ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നേരത്തെ പ്രതികളുടെ സമാനമായ ആവശ്യം വിചാരണക്കോടതിയും തള്ളിയിരുന്നു. ഈ മാസം 15-ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ നിർണായക ഉത്തരവ്.
കുറ്റവിമുക്തരാക്കപ്പെട്ടാൽ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ഭാവി ജീവിതത്തിന് കളങ്കമാകുമെന്നും, മഹാരാജാസ് കോളേജ് വിദ്യാർത്ഥികളെ കോടതി പരിസരത്ത് കൂട്ടംകൂടാൻ അനുവദിക്കരുതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ രഹസ്യ വിചാരണ നടത്തേണ്ട അസാധാരണ സാഹചര്യം ചൂണ്ടിക്കാണിക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. സാക്ഷികളും പ്രതികളും തമ്മിൽ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കോടതി ഈ വാദങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളേജിൽ പ്രവേശനോത്സവത്തിന് തലേന്നാണ് ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ അഭിമന്യു കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് – ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ.

