പോളിംഗ് സ്റ്റേഷൻ, ബൂത്ത് പുന:ക്രമീകരണം ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. പോളിംഗ് സ്റ്റേഷൻ, ബൂത്ത് എന്നിവയുടെ പുന:ക്രമീകരണം, ബൂത്ത് ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റൽ, ഒരേ കോമ്പൗണ്ടിൽ തന്നെയുള്ള മറ്റൊരു കെട്ടിടത്തിലേക്കുള്ള മാറ്റം, ബൂത്തിന്റെ പേരുമാറ്റം, വോട്ടർമാരുടെ പുന:ക്രമീകരണം, കുറവ് വോട്ടർമാരുള്ള ബൂത്തുകളുടെ ഏകീകരണം എന്നിവയാണ് യോഗം ചർച്ച ചെയ്തത്. നേരത്തെ ഇത് സംബന്ധിച്ച വില്ലേജ് തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചർച്ച പൂർത്തിയായ ശേഷമാണ് ജില്ലാതലത്തിൽ യോഗം ചേർന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിർദേശം ജില്ലാ ഭരണകൂടം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയക്കും. 1500 ൽ കൂടുതൽ വോട്ടർമാരുള്ള ബൂത്ത് ആണ് പുന:ക്രമീകരിച്ചു വിഭജിക്കുക. കുറവ് വോട്ടർമാരുള്ള രണ്ടു ബൂത്തുകൾ ചേർത്ത് ഒന്നാക്കുകയും ചെയ്യും. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (തെരഞ്ഞെടുപ്പ്) ഡോ. ശീതൾ ജി മോഹൻ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം ഗിരീഷ് (സിപിഐഎം), പി എം അബ്ദുറഹ്മാൻ (കോൺഗ്രസ്), പി കെ നാസർ (സിപിഐ), അഡ്വ. എ വി അൻവർ (മുസ്ലിം ലീഗ്), കെ പി ബാബു (ആർഎസ്പി), ഷൗക്കത്ത് അലി ഏരോത്ത് (ആപ്) എന്നിവർ പങ്കെടുത്തു.