ബി.ജെ.പി പിന്തുണയോടെ റാന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ ആണ് രംഗത്തുവന്നത്. മുന്നണി സംവിധാനത്തില്‍ ഇത്തരത്തില്‍ മുന്നോട്ട് പോവാന്‍ ആവില്ലെന്ന് എ.പി ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി പിന്തുണയോടെ ഇടതു മുന്നണി പ്രസിഡന്റായതില്‍ സി.പി.ഐ.എമ്മിനെതിരെ സി.പി.ഐ ലോക്കല്‍ കമ്മിറ്റി നേരത്തേ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയും വിമര്‍ശനവുമായെത്തിയിരിക്കുന്നത്.
റാന്നിയില്‍ ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ളി പ്രസിഡന്റായത് സി.പി.ഐ.എം അംഗങ്ങളുടെ വോട്ടു നേടിയാണ്. മൂന്നു സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്നിലും തോറ്റിരുന്നു. ഇത് സി.പി.ഐ.എം വോട്ട് മറിച്ചതുകൊണ്ടാണെന്നായിരുന്നു സി.പി.ഐ വിമര്‍ശനം. ലോക്കല്‍ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് സി.പി.ഐ.എം റാന്നിയില്‍ കാര്യങ്ങള്‍ തീരുമാനിച്ചതെന്നും വിമര്‍ശനമുണ്ട്.
ബി.ജെ.പി പിന്തുണയില്‍ വിജയിച്ച പ്രസിഡന്റ് രാജി വെയ്ക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും രാജിവെയ്ക്കാത്ത സാഹചര്യത്തിലാണ് സി.പി.ഐ രംഗത്തുവന്നത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ചെണ്ണം എല്‍.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.

