കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തില്‍ സംശയമുയര്‍ന്നു. അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍.