ന്യൂഡല്‍ഹി: യുപി മദ്രസാ നിയമം ശരിവച്ച് സുപ്രിംകോടതി. നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു ഉത്തരവ്.
2004ലെ ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ആക്ടിന്റെ നിയമസാധുതയാണ് കോടതി ശരിവച്ചത്. മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തനം തുടരാമെന്നും കോടതി അറിയിച്ചു.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എട്ട് ഹര്‍ജികളാണ് സുപ്രിംകോടതിക്കു മുന്നിലുണ്ടായിരുന്നത്. മുസ്ലിം മതവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഇടമാണ് മദ്രസകളെന്ന വസ്തുത പരിഗണിക്കാതെയായിരുന്നു ഹൈക്കോടതി വിധിയെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. മദ്രസാ നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നു പറഞ്ഞ് സുപ്രിംകോടതി ഹൈക്കോടതി വിധിക്ക് സ്റ്റേ നല്‍കിയിരുന്നു. ഇതിലാണിപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.