ഉല്ലാസഗണിതം പദ്ധതി; തുടങ്ങിശാസ്ത്ര കൗതുകമുണര്‍ത്തുന്ന പഠനരീതികള്‍ ഭാവിക്ക് മുതല്‍ക്കൂട്ടാകും;മന്ത്രി എ.കെ ശശീന്ദ്രന്‍

0
220


ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ ശാസ്ത്ര കൗതുകമുണര്‍ത്തുന്ന സാങ്കേതിക പഠനരീതികള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളയുടെനേതൃത്വത്തില്‍ നടപ്പാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇച്ചന്നൂര്‍ എയുപി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയാസരഹിതമായ നൂതന പഠനരീതികള്‍ ഉപയോഗിച്ച് കണക്ക് എളുപ്പത്തില്‍ പഠിക്കാന്‍ പറ്റുന്ന വിധത്തിലുള്ള പദ്ധതിയാണ് ഉല്ലാസഗണിതം. തുടക്കത്തില്‍തന്നെ കുട്ടികളെ പരിശീലിപ്പിച്ച് ഗണിതശാസ്ത്രത്തില്‍ മികവ്പുലര്‍ത്താന്‍ കഴിയുംവിധം ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യാന്ത്രികമായ പഠനമല്ല,  പഠിക്കുന്നത് മനസിലാക്കി പഠിക്കുക എന്ന തിലേക്ക് പാഠ്യരീതി മാറും. നൂതന സാങ്കേതിക രീതിയുപയോഗിച്ചുള്ള പഠനരീതിയാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായികൊണ്ടിരിക്കുന്നത്. ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കുമ്പോള്‍ സമാനമായി ജില്ലയിലേയോ വിദ്യാഭ്യാസ ജില്ലയിലേയോ സ്‌കൂളുകളില്‍ പ്രസ്തുത വിഷയം പഠിക്കാന്‍ കഴിയുംവിധം ക്രോഡീകൃത രൂപത്തിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ചുള്ള നൂതനരീതിയിലേക്ക് വിദ്യാഭ്യാസ മേഖല മാറികൊണ്ടിരിക്കുകയാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ സമഗ്ര പരിഷ്‌കാര പ്രക്രിയ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ വിദ്യാലയങ്ങളിലും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക പഠന ഉപകരണങ്ങള്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്ന്, രണ്ട് ക്ലാസുകളില്‍ വിദ്യാര്‍ഥികളില്‍ ഗണിതപഠനം രസകരവും താല്‍പ്പര്യപൂര്‍വവുമാക്കുന്നതിനാണ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഉല്ലാസഗണിതം പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി ടി ഷാജി പദ്ധതി വിശദീകരിച്ചു. ഗണിതകിറ്റ് വിതരണോദ്ഘാടനം മുഖ്യാതിഥിയായ ചേളന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വത്സല നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ പി ഇസ്മയില്‍, ലീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ രമേശന്‍, ടി സന്തോഷ്‌കുമാര്‍, ഡയറ്റ് ലക്ചറര്‍ കെ എം സോഫിയ, പിടിഎ പ്രസിഡന്റ് പി കെ ഷാജി, സ്റ്റാഫ് പ്രതിനിധി കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം കെ മോഹന്‍കുമാര്‍ സ്വാഗതവും ഇച്ചന്നൂര്‍ എയുപി സ്‌കൂള്‍ പ്രധാനധ്യാപിക ബി ഗീതാകുമാരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here