കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അത്ഭുത രക്ഷ. ഏഴ് ദിവസത്തിന് ശേഷമാണ് ടണലില്‍ കുടുങ്ങിയ രണ്ട് നിര്‍മാണ തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തിയത്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ തുരങ്കത്തില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് സാഹ, കബീര്‍ മാഹാരാജന്‍ എന്നീ തൊഴിലാളികള്‍ക്കാണ് പുതു ജീവന്‍ ലഭിച്ചത്. അതേയമയം തുരങ്കത്തില്‍ ജീവനോടെ ഇനിയും ആളുകള്‍ ഉണ്ടെന്നാണ് സൂചന.
ദുരന്തത്തില്‍ വിറങ്ങലിച്ച നേപ്പാളില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാണാതായവരുടെ പ്രതീകാത്മക രൂപങ്ങളുണ്ടാക്കി സംസ്‌കരിക്കുന്ന വാര്‍ത്ത അടക്കം പുറത്ത് വന്നിരുന്നു. ഏതാണ്ട് 12 ജലവൈദ്യുത പദ്ധതികളിലായി 900ത്തോളം തൊഴിലാളികളെ കാണാതായി എന്നായിരുന്നു വിവരം. പിന്നാലെ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് തുരങ്ക രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയവര്‍ നേപ്പാളിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.

