കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.വാക്സീൻ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിനു ശേഷമാണ് എന്ന കേന്ദ്ര സർക്കാർ വാദം കോടതി അംഗീകരിച്ചു. കോവിഷീല്‍ഡിന്റെ ഇടവേള 84 ദിവസം തന്നെയായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
താത്പര്യമുള്ളവര്‍ക്ക് 28ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കാമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഇത് സംബന്ധിച്ച് കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സര്‍ക്കാര്‍ നല്‍കുന്ന സൗജന്യവാക്‌സിന് ഇളവ് ബാധകമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മിലുള്ള 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഫലപ്രാപ്തി കണക്കിലെടുത്താണ് വാക്‌സിന്‍ ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദേശത്തു പോവുന്നവര്‍ക്കുള്ള ഇളവ് അടിയന്തര സാഹചര്യം പരിഗണിച്ചാണെന്നും സര്‍ക്കാര്‍ വിശദികരിച്ചു.
കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്.