കോഴിക്കോട്: കോഴിക്കോട് ഫറോക് പാലത്തിൽ നിന്നും പുഴയിൽ ചാടിയ ദമ്പതിമാരിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാര്യമണ്ണിൽ പരേതനായ സാജു തോമസിന്റെ മകൻ ജിതിൻ(31), എടപ്പാൾ പുഴാമ്പ്രം പണ്ടാരി ഹൗസിൽ താരയുടെ മകൾ വർഷ(24) എന്നിവരാണ് പുഴയിൽ ചാടിയത്.
രാവിലെ 10.15നാണ് സംഭവം. ആത്മഹത്യാ ശ്രമമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഏപ്രിൽ 19നാണു മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും വിവാഹിതരായത്. പുഴയിൽ ചാടുന്നതു കണ്ട അതുവഴി വന്ന ചരക്കു ലോറി ഡ്രൈവർ വാഹനം പാലത്തിൽ നിർത്തി ലോറിയിലെ വടം എറിഞ്ഞു കൊടുത്തപ്പോൾ വർഷ അതിൽ പിടിച്ചു തൂങ്ങിനിന്നു. മത്സ്യത്തൊഴിലാളികൾ അടുത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെ ശക്തമായ ഒഴുക്കിൽപെട്ടു ജിതിൻ മുങ്ങിത്താഴുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഷ അപകടനില തരണം ചെയ്തിട്ടുണ്ട്.

