കാസർകോട്: ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’ പദ്ധതിയെ പുകഴ്ത്തിയ രമേശ് ചെന്നിത്തലയ്ക്ക് നന്ദി അറിയിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഡിവൈഎഫ്ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് കൊണ്ടാണ് റഹിം നന്ദി അറിയിച്ചത്.
റഹിമിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ:
ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ട്. യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

