മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
‘മധ്യ കേരളം പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയില്‍ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കന്‍ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി’ എന്നായിരുന്നു ഒരാള്‍ പങ്കുവെച്ച കമന്റ്.
‘നാട് പ്രളയത്തില്‍ മുങ്ങുമ്പോള്‍ മൂപ്പര് ഇങ്ങനെ വിരുന്നു പോവുകയാണോ?’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പി സരിന്‍ അടക്കമുള്ളവരും രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
‘അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയാണെന്ന് വി.കെ. പ്രശാന്ത് പരിഹസിച്ചു.
ജനങ്ങൾക്ക് ആത്മവിശ്വാസം പകരേണ്ട സമയത്ത് മുഖ്യമന്ത്രി കാണിച്ചത് ഗുരുതരമായ ഔചിത്യമില്ലായ്മയാണെന്ന് എ.എ. റഹീം ആരോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തമുള്ള ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിച്ചതെന്നും വിരുന്നുകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.

