റായ്പൂര്‍: മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചങ്ങലയ്ക്കിട്ട യുവതി കനത്തമഴയില്‍ കരകവിഞ്ഞൊഴുകിയ പുഴയില്‍ ഒഴുകിപ്പോയി. കുത്തിയൊലിച്ച മഹാനദിയില്‍ 17 കിലോമീറ്റര്‍ ദുരം ഒഴുകിപ്പോയ യുവതി അത്ഭുതരക്ഷപ്പെടല്‍. നിലവിളി കേട്ട് എത്തിയ മത്സ്യത്തൊഴിലാളികളുടെ ധീരതയാണ് യുവതിയെ രക്ഷിച്ചത്. ഛത്തീസ്ഗഡിലെ സരന്‍ഗഡ് സ്വദേശിയാണ് യുവതി. ഒഡീഷയിലെ അതിര്‍ത്തി ജില്ലയായ ജാര്‍സുഗുഡ ജില്ലയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
സരോജിനി ചൗഹാന്‍ എന്ന യുവതിയാണ് രക്ഷപ്പെട്ടത്. രമേഷ് സേഥും മകന്‍ ഡാനിയും മഹാനദിയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെയാണ് സ്ത്രീയുടെ നിലവിളി കേട്ടത്. ഇത് കണ്ട അച്ഛനും മകനും തോണി തിരിക്കുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയെ ലഖന്‍പൂരിലെ കമ്യൂണിറ്റി ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ ഉറപ്പാക്കിയ ശേഷം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സരോജിനിയുടെ സഹോദരന്‍ ജഗദീഷ് ചൗഹാനും ഭാര്യയും ആശുപത്രിയിലെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി.