കക്കയം ഡാം സൈറ്റില്‍ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി കെ എസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടെത്തി പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി. വനം വകുപ്പുള്‍പ്പെടെയുള്ള മറ്റു വകുപ്പുകള്‍ അവകാശമുന്നയിക്കാന്‍ സാധ്യതയില്ലാത്ത ഭൂമി മാത്രമാണ് വിനോദസഞ്ചാര വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുക. ഇന്നലെ (ജൂലൈ 1) നടന്നയോഗത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കക്കയം ഡാം. കക്കയം ഡാമുമായി ബന്ധപ്പെട്ട വിനോദസഞ്ചാര സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിനായി ഭാഗമായി പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, വനംവകുപ്പ്, വിനോദസഞ്ചാരവകുപ്പ്, കെഎസ്ഇബി എന്നിവരുടെ നേതൃത്വത്തില്‍ ജൂണ്‍ മാസം ആദ്യവാരത്തില്‍ സ്ഥലസന്ദര്‍ശനം നടത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനവേളയില്‍ ഹൈഡല്‍ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതി നടപ്പാക്കുന്ന മേഖലകളില്‍ ലാന്‍ഡ്സ്‌കേപ്പിങ് നടത്താന്‍ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ ഭാവിസാധ്യതകള്‍ പരിശോധിച്ച് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ടൂറിസം വകുപ്പിനെ എല്പിച്ചിരുന്നു. പുതിയ വിനോദസഞ്ചാരപദ്ധതികളുടെ രൂപരേഖ അവലോകനം ചെയ്യാനായാണ് ജൂലൈ ഒന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം നടന്നത്. ഈ യോഗത്തില്‍ വിവിധ പദ്ധതികള്‍ അവലോകനം ചെയ്തതില്‍ ഒന്നാണ് കക്കയം ഹൈഡല്‍ ടൂറിസം പദ്ധതി. കക്കയം ഡാം സൈറ്റില്‍ കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍, മറ്റാര്‍ക്കും അവകാശവാദമുന്നയിക്കാനാവാത്ത, 7.24 ഏക്കര്‍ ഭൂമി ഉണ്ടെന്ന് അറിയിച്ചിരുന്നു. ഈ 7.24 ഏക്കര്‍ ഭൂമി കെഎസ്ഇബിയുടെ ആണോ എന്ന് പരിശോധിക്കുന്നതിന് താലൂക്ക് സര്‍വേയര്‍ മുഖാന്തരം നടപടികള്‍ സ്വീകരിക്കാനും വനംവകുപ്പ,് കെഎസ്ഇബി, ഹൈഡല്‍ ടൂറിസം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ സര്‍വേ നടത്താനും യോഗം തീരുമാനിച്ചു.
കെഎസ്ഇബിയുടെ നിയന്ത്രണത്തില്‍ ഭൂമിയുണ്ടെങ്കില്‍ അതിനെ അടിസ്ഥാനപ്പെടുത്തി ആദ്യഘട്ടമെന്ന നിലയില്‍ വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും അതിനു വേണ്ടി സംയുക്ത സര്‍വേ എത്രയും വേഗം പൂര്‍ത്തീകരിക്കാനും ജില്ലാകളക്ടര്‍ യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കെഎസ്ഇബി, വിനോദസഞ്ചാരവകുപ്പു ഡയറക്ടറുടെ പേരില്‍ സ്ഥലലഭ്യത സംബന്ധിച്ച വിനിയോഗാനുമതി ലഭ്യമാക്കുന്നതനുസരിച്ച് മാത്രമേ വിനോദസഞ്ചാരവകുപ്പ് പദ്ധതി രൂപകല്പന ചെയ്യുകയുള്ളൂ. വളരെ പരിമിതമായ സൗകര്യങ്ങളുള്ള കക്കയം പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യത വര്‍ദ്ധിപ്പിക്കാനായി നടപടികളെടുക്കണമെന്ന് സ്ഥലം എംഎല്‍എയും നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്ന് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു.