കൊച്ചി: വിവാദങ്ങള്‍ തുടരുന്നതിനിടെ എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലെത്തി. ഇന്നലെ രാത്രി മുതലാണ് കേരളത്തില്‍ ചിത്രത്തിന്റെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയിട്ടും ചിത്രത്തില്‍ ദേശവിരുദ്ധതയുണ്ടെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ ആരോപിച്ചു.
സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കും 24 വെട്ടിനു ശേഷമാണ് എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യപ്രദര്‍ശനം തിരുവനന്തപുരം ആര്‍ടെക് മാളിലെ തിയറ്ററില്‍ നടന്നു. ഉച്ചയോടെയാണ് കേരളത്തിലെ മറ്റു തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. വെട്ടിയ എമ്പുരാന്‍ പുറത്തിറങ്ങിയിട്ടും ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വീണ്ടും രംഗത്തുവന്നു. റീഎഡിറ്റ് ചെയ്തിട്ടും ചിത്രത്തില്‍ ദേശവിരുദ്ധതയും ഹിന്ദു, ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നു എന്നാണ് ഓര്‍ഗനൈസറിന്റെ ആരോപണം.
മുരളി ഗോപി-പൃഥ്വിരാജ് ബന്ധത്തെപ്പറ്റി അന്വേഷിക്കണമെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കി. അതേസമയം സെന്‍സര്‍ ബോര്‍ഡ് ഭരണകൂട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും പ്രദര്‍ശനാനുമതി കിട്ടിയ ശേഷം സിനിമയ്‌ക്കെതിരെ പ്രകോപനം ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.