കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ ആക്രമിച്ച് തലക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. സംഘടനയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ മാർച്ചിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സംഘം മാധ്യമപ്രവർത്തകനെ ആക്രമിച്ചത്. ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് ഷായെ തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.

