ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച തന്റെ അമ്മയെയും അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയവര്‍ക്ക് മാപ്പ് നല്‍കുന്നതായും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ മോദി പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് വഴിതെറ്റിയതാണെന്നും ശിക്ഷാനടപടിക്കോ നിയമനടപടികള്‍ക്കോ പകരം അവരെ നേര്‍വഴിക്ക് നയിക്കാന്‍ മാര്‍ഗനിര്‍ദേശമാണ് ആവശ്യമെന്നും മോദി പറയുന്നു. ജന്തര്‍ മന്തറില്‍ ചിലര്‍ വളരെ മോശമായ പരാമര്‍ശം നടത്തി -ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത വാക്കുകളാണ് അവിടെ ഉയര്‍ന്നത്. എനിക്കെതിരെയും മരിച്ചുപോയ അമ്മക്കെതിരെയും അസഭ്യവര്‍ഷമുണ്ടായി. അത് എത്രത്തോളം മോശമായിരുന്നു എന്ന് പറയാന്‍ പോലും കഴിയില്ല. എന്നാല്‍ ചെറുപ്പത്തില്‍ തെറ്റുകള്‍ സംഭവിക്കാം, ആ തെറ്റുകള്‍ തിരുത്താനുള്ള അവസരമാണിത്. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ ഇതുപോലൊരു ഭാഷ സംസാരിക്കാന്‍ കഴിഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു. എന്നാല്‍ ഈ കുട്ടികളെ ചേര്‍ത്തുപിടിച്ച് ശരിയായ പാത കാണിച്ചുകൊടുക്കേണ്ട സമയമാണിത് -മോദി പറഞ്ഞു.

