ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സമാജ്‍വാദി പാർട്ടിയുടെ പിന്തുണ യുഡിഎഫിന്. ലഖ്നൗവിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായതെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു. കേരളത്തിൽ യുഡിഎഫിനെ പിന്തുണക്കാൻ യോഗത്തിൽ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് നിർദ്ദേശം നൽകിയതായി സമാജവാദി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സജി പോത്തൻ തോമസ് അറിയിച്ചു. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സഖ്യത്തിലെ രണ്ടാമത്തെ കക്ഷി എന്ന നിലയ്ക്ക് കോൺഗ്രസിനെയും ഇന്ത്യ മുന്നണിയെയും വിജയത്തിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുത്താണ് സമാജവാദി പാർട്ടി ഉത്തർപ്രദേശിൽ 17 സീറ്റുകൾ കോൺഗ്രസിന് വിട്ടു നൽകിയതെന്നും മറ്റുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുടെ വിജയം ഉറപ്പാക്കുന്നതിന് സമാജ് വാദി പാർട്ടിയുടെ എല്ലാ മുന്നണി പോരാളികളും രംഗത്തിറങ്ങുമെന്നും തോമസ് പറഞ്ഞു.കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയിലുള്ള പിന്തുണ അറിയിച്ചുകൊണ്ടുള്ള പാർട്ടിയുടെ ഔദ്യോഗിക കത്ത് യുഡിഎഫ് ചെയർവാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന് കൈമാറിയതായി സജി പോത്തൻ തോമസ് പറഞ്ഞു. സമാജ് വാദി പാർട്ടി നിയുക്ത ദേശീയ സെക്രട്ടറി ആർ എസ് പ്രഭാത്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി സുകേശൻ നായർ ,ബെൻ ഇണ്ടികാട്ടിൽ, എൻ വൈ ഗ്രേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.