കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാലറി ചാലഞ്ചിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കും. ശമ്പളം മന്ത്രിമാര്‍ കുറഞ്ഞത് ഓരോ ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രളയകാലത്തു നല്‍കിയതുപോലെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. മുഴുവന്‍ ജീവനക്കാരേയും സാലറി ചാലഞ്ചിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. സാലറി ചാലഞ്ചിലൂടെ കുറഞ്ഞത് 2,000 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സംഭാവന നല്‍കാത്ത ജീവനക്കാരുടെ കാര്യത്തില്‍ എന്തു നടപടി വേണമെന്ന് പിന്നീട് തീരുമാനിക്കും. കോവിഡ് ബാധ നിയന്ത്രണ വിധേയമെങ്കിലും കൂടുതല്‍ ജാഗ്രതയുള്ള നടപടികള്‍ തുടരണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

