തൃശൂര്‍ തളിക്കുളത്ത് ഓയില്‍ മില്ലില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
തൃശൂര്‍ തളിക്കുളം പത്താംകല്ലില്‍ ഓയില്‍ മില്ലില്‍ തീപിടിത്തം. തളിക്കുളം പത്താംകല്ലില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സാലി ഓയില്‍ ഫ്‌ലവര്‍ മില്ലിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം. ഇന്ന് രാവിലെ ഏകദേശം 7.45 ഓടെയായിരുന്നു മില്ലില്‍ അഗ്‌നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ മില്ലിനുള്ളിലുണ്ടായിരുന്ന മെഷിനറികള്‍, ഏകദേശം 400 ലിറ്ററോളം വെളിച്ചെണ്ണ, കൊപ്ര, മറ്റ് അസംസ്‌കൃത വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിരക്ഷാ സേന എത്തി, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.








