വേങ്ങേരിയില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കിയ 205 ലിറ്റര്‍ നിരോധിച്ച പാക്കറ്റ് വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. 800 ലിറ്റര്‍ വരുന്ന വിവിധ ബ്രാന്‍ഡ് സീല്‍ഡ് പാക്കറ്റ് വെളിച്ചെണ്ണയും പിടിച്ചെടുത്തു. ഇതില്‍ ആറ് ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി റീജിയണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു. ലബോറട്ടറി പരിശോധനയില്‍ നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസ് ഫയല്‍ ചെയ്യും.
ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധന ഫലങ്ങള്‍ പ്രകാരം തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച് പാക്ക് ചെയ്യുന്ന ബാലകുമാരന്‍ കമ്പനിയുടെ സൂര്യ, ആയില്യം എന്നീ ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനിയുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചു. സൗഭാഗ്യ, സുരഭി, സൂര്യ, ആയില്യം ബ്രാന്‍ഡ് വെളിച്ചെണ്ണകളുടെ ലൈസന്‍സ് റദ്ദ് ചെയ്യിക്കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചു വരുന്നുണ്ട്.
ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ 1800 425 1125 എന്ന നമ്പറില്‍ അറിയിക്കാം.