രാഹുൽ ഗാന്ധിയെ ലോകസഭയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതാക്കൾ.
ജനാധിപത്യത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത് പിണറായി പറഞ്ഞു. സ്വന്തം അഭിപ്രായം തുറന്ന് പറയുന്ന സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങള്‍ക്ക് ഇവര്‍ എന്ത് വിലയാണ് നല്‍കുന്നത്?’, മുഖ്യമന്ത്രി ചോദിച്ചു.
‘ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയ ഇടപ്പെടലുകളിലും മനീഷ് സിസോദിയ, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ കേസുകളിലും പ്രതികരിച്ച് പ്രതിപക്ഷ എംപിമാരെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല.’, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇതേ സമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് തീരുമാനത്തിന് നേരെ രൂക്ഷ പ്രതികരണമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയത്. ജനാധിപത്യത്തെ കൊന്നുവെന്ന് സുധാകരന്‍ ആഞ്ഞടിച്ചു
തീരുമാനം ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പോരാട്ടം നയിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഇത് ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തെ തളച്ചിടാന്‍ മര്യാദയുടേയും ന്യായത്തിന്റേയും നിയമത്തിന്റേയും പരിധികള്‍ ബിജെപി ലംഘിച്ചുവെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

