തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച പ്രതി അനീഷിനെ പിടികൂടിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റും സി.സി.ടി.വിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ.സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തിയാണ് പ്രതിയെ കണ്ടെത്തിയത്. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.ഇയാൾ നേരത്തെ കുന്നിക്കോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ലൈംഗിക അതിക്രമ കേസിലെ പ്രതിയാണെന്നും ജാമ്യത്തില്‍ ഇറങ്ങിയശേഷം ചെങ്കോട്ടയില്‍ പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടെയാണ് സമാനമായ സംഭവമെന്നും മധുര ഡിവിഷൻ റെയിൽവെ ഡി.എസ്.പി. കെ പൊന്നുചാമി പറഞ്ഞു.ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മദ്യപിച്ചെത്തി മലയാളി ആയിട്ടുള്ള വനിതാ റെയിൽവേ ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു. യുവതിക്കുനേരെ ക്രൂരമായ ലൈംഗിക പീഡനശ്രമം നടത്തിയ പ്രതിയെ മൂന്ന് ദിവസത്തിന് ശേഷം പോലീസ് പിടികൂടുകയായിരുന്നു.
മലയാളിയായ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്;കുടുക്കിയത് ചെരിപ്പിലെ പെയിന്റും കാക്കി പാന്റ്സും,അനീഷ് ബലാത്സംഗ കേസ് പ്രതി

