ചെന്നൈ: ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ സ്ഫോടനം. കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടു. ചെന്നൈയിലെ കുപ്രസിദ്ധ കുറ്റവാളിയായ ഒട്ടേരി കാർത്തിക്കിനാണ് ബോംബ് നിർമാണത്തിനിടെ ഗുരുതരമായി പരുക്കേറ്റത്. കാലിനും ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറഞ്ഞു.ആശുപത്രിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജയകുമാർ എന്ന ആളിനൊപ്പം ചേർന്ന് ക്രൂഡ് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്. പുഴൽ ജയിലിൽ കഴിയുമ്പോഴാണ് ഗുണ്ടാ നേതാവായ കാർത്തിക് വിജയകുമാറിനെ പരിചയപ്പെടുന്നത്.
രണ്ട് ദിവസം മുൻപ് അമ്പത്തൂരിലെ ഒറഗഡത്തിന് സമീപത്ത് വെച്ച് ഇയാൾ വിജയകുമാറിനെ കണ്ടിരുന്നു. നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ഇവിടെ വന്നത്. വിജയകുമാറിന്റെ വസതിയിൽ ക്രൂഡ് ബോംബ് ഉണ്ടാക്കുന്നതിൽ കാർത്തിക്കിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ബോംബുകൾ നിർമിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

