വഞ്ചനാക്കേസിൽ സിനിമാ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ബാബു രാജ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബു രാജിനെതിരെയുള്ള കേസ്.
കോതമംഗലം സ്വദേശി അരുൺ കുമാറാണ് ബാബുരാജിനെതിരെ പരാതി നൽകിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് 2020 ജനുവരിയിൽ അരുൺ കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. കരുതൽ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാൽ റിസോർട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ അരുൺ കുമാറിന് സ്ഥാപന ലൈസൻസ് ലഭിക്കാതെ വരികയായിരുന്നു. താൻ കരുതൽധനമായി നൽകിയ 40 ലക്ഷം രൂപ മടക്കിനൽകണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.

