കലോത്സവങ്ങൾ പരാജയത്തിന്റെ കൂടി വേദിയാണ്. മിമിക്രി മത്സരത്തിൽ നിന്ന് പാതിവഴിയിൽ പിന്മാറേണ്ടി വന്ന ഇടുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് ബി ഗ്രേഡ് ആണ് വിധികർത്താക്കൾ നൽകിയത്.
മത്സരം ആരംഭിച്ചപ്പോൾ വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഏയ്ഞ്ചൽ. ആദ്യ ഐറ്റം മനോഹരമായി അവതരിപ്പിച്ചു. പക്ഷേ ഭാഗ്യം ഏയ്ഞ്ചലിനെ തുണച്ചില്ല. തുടർന്നുള്ള അവതരണത്തിൽ ശബ്ദം നിലച്ചു. കണ്ഠമിടറി. മൈക്ക് ഓഫാക്കി. ആഗ്രഹിച്ച ഇനം വേണ്ടവിധത്തിൽ പൂർത്തിയാക്കാനാകാതെ കണ്ണുനിറഞ്ഞ് സദസ്സിലേക്ക് മടങ്ങി ഏയ്ഞ്ചൽ.
പിന്നെ നിറഞ്ഞ കണ്ണുകളോടെ പപ്പയ്ക്കും അമ്മയ്ക്കും അനുജത്തിമാർക്കുമൊപ്പം സദസിലിരുന്ന് പരിപാടികൾ കണ്ടുതീർത്തു. വേദിയിൽ നിന്നപ്പോൾ ചുറ്റുമുള്ള ആൾക്കൂട്ടമാണ് പേടി തോന്നിപ്പിച്ചതെന്നും അതുകൊണ്ടാണ് മിമിക്രി നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കാതിരുന്നതെന്നും ഏയ്ഞ്ചൽ ട്വന്റിഫോറിനോട് പറഞ്ഞു. ഇടുക്കിയിലെ വിരലിലെണ്ണാവുന്ന മിമിക്രി മത്സരാർത്ഥികൾക്കിടയിൽ നിന്നാണ് സ്വന്തം കഴിവുകൊണ്ട് മാത്രം ഏയ്ഞ്ചൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് മത്സരിക്കാനെത്തിയത്.
അയോഗ്യയാക്കപ്പെടുമെന്ന് ഏയ്ഞ്ചലിന് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും വിധികർത്താക്കൾ ഈ മിടുക്കിയുടെ കഴിവിന് അംഗീകാരം നൽകി. അങ്ങനെ ബി ഗ്രേഡ് കൊണ്ട് ഏയ്ഞ്ചലും കുടുംബവും നാട്ടിലേക്ക് മടങ്ങി. അടുത്ത കലോത്സവത്തിന് എ ഗ്രേഡ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തോടെ.

