രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ പ്രവേശിച്ചതു മുതൽ നിരവധി തവണ യാത്രയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിൽ ആരോപിച്ചു.യാത്ര ഡൽഹിയിലെത്തിയപ്പോൾ പലതവണ സുരക്ഷാ വീഴ്ചയുണ്ടായതായി കത്തിൽ പറയുന്നു.ഡൽഹി പൊലീസ് കാഴ്ചക്കാരാണെന്നും സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു. യാത്രയിൽ പങ്കെടുത്തവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.കേന്ദ്ര ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ സുരക്ഷയുടെ കാര്യത്തിൽ വലിയ വീഴ്ചയാണ് വരുത്തിയത്.ജനുവരി മൂന്നിന് കശ്മീർ ഗെയ്റ്റിൽനിന്നാണ് ജോഡോ യാത്ര പുനരാരംഭിക്കുന്നത്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സുരക്ഷാ പ്രശ്‌നമുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര കടന്നുപോകാനുള്ളതെന്നും അതുകൊണ്ട് രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണം;അമിത്ഷായ്ക്ക് കോൺഗ്രസിന്റെ കത്ത്

