ദില്ലി: ദില്ലിയിൽ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൻപ്രീത് എന്നയാളെയാണ് പഞ്ചാബിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ദില്ലിയിലെ തിലക്നഗറിലാണ് 35 വയസ്സുള്ള യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹം വെട്ടിമുറിക്കാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് പൂനാവാലയിൽ നിന്ന് ഇയാൾ പ്രചോദനമുൾക്കൊണ്ടിരിക്കാമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. രേഖ റാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
പതിനാറുകാരിയായ മകൾക്കൊപ്പം താമസിച്ചിരുന്ന ഗണേഷ് നഗറിലെ വീട്ടിലാണ് താടിയിൽ കുത്തേറ്റ നിലയിൽ രേഖ റാണിയുടെ മൃതദേഹം കാണപ്പെട്ടത്. മൻപ്രീത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 2015ലാണ് ഇയാൾ രേഖ റാണിയുമായി ബന്ധത്തിലാകുന്നതും ഇവർ ഗണേഷ് നഗറിലെ വീട്ടിൽ ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുന്നതും. താമസിയാതെ ഈ ബന്ധത്തിൽ അതൃപ്തി തോന്നിത്തുടങ്ങിയ മൻപ്രീത് പങ്കാളിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
മകൾക്ക് ഉറക്ക ഗുളിക നൽകിയതിന് ശേഷം ഇയാൾ രേഖയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഡിസംബർ 1നാണ് കൊലപാതകം നടത്തിയത്. രേഖയുടെ ശരീരം വെട്ടിമുറിക്കാനും ഇയാൾ ശ്രമിച്ചതായും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകൽ, കൊലപാതം എന്നീ ഒന്നിലധികം കേസുകളിൽ പൊലീസ് തിരയുന്ന വ്യക്തിയാണ് മൻപ്രീത് എന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
അതേ സമയം 70 കഷ്ണമാക്കി വെട്ടിനുറുക്കുമെന്ന് ലിവിംഗ് റിലേഷൻഷിപ്പിലെ പങ്കാളി ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതി പൊലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ ദുലെ സ്വദേശിനിയാണ് പങ്കാളിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. അർഷാദ് സലിം മാലിക് എന്നയാൾക്കെതിരെയാണ് പരാതി. നിരവധി തവണ അധിക്ഷേപിച്ചുവെന്നും എതിർത്തപ്പോൾ ശ്രദ്ധയെപ്പോലെ വെട്ടിനുറുക്കുമെന്നുമാണ് ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയേക്കുറിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
തൻറെ താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ശ്രദ്ധയെ 35 കഷ്ണമാക്കിയാണ് മുറിച്ചത് സമാനമായി യുവതിയെ 70 കഷ്ണമാക്കുമെന്നാണ് ഭീഷണി. നവംബർ 29ന് യുവതി നൽകിയ പരാതിയിൽ മതപരിവർത്തനം അടക്കമുള്ള ആരോപണമാണ് ലിവിംഗ് റിലേഷൻഷിപ്പിലെ പങ്കാളിയേക്കുറിച്ച് യുവതി നടത്തിയിട്ടുള്ളത്.

